ബംഗളൂരു: മുന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ വീട്ടിലും, മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെയാണ് വീട്ടിലും മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജില്‍ സാമ്പത്തിക ക്രമക്കേടുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.
കൂടാതെ പരമേശ്വരയുമായി ബന്ധമുള്ള 30 ഓളം സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു .പരമേശ്വരയുടെത് കൂടാതെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര് എല്‍ ജലപ്പയുടെ കോലാറിലെ മെഡിക്കല്‍ കോളേജിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം ആദായ നികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പരമേശ്വരയുടെയും, ജലപ്പയുടെയും വീട്ടില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു