സംഗില്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. പാകിസ്ഥാന് ആഗോളതലത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ ലോകരാജ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിന് യുഎന്നില്‍ പ്രധാനമന്ത്രിക്ക് ലോകരാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന് ഒറ്റപ്പെട്ട കാഴ്ചയാണ് കാണാനായത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തു. എന്തുകൊണ്ടാണ് തങ്ങള്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തതെന്ന് രാഹുല്‍ ഗാന്ധിയും ശരദ് പവാറും മഹാരാഷ്ട്രയിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും 1971ല്‍ ഇന്ത്യ-പാകിസ്ഥാന് യുദ്ധമുണ്ടായപ്പോള്‍ പ്രതിപക്ഷമായിരുന്ന ബിജെപി ഇന്ദിരാ ഗാന്ധിയുടെ നടപടിയെ പിന്തുണക്കുകയാണ് ചെയ്തതെന്നും ബിജെപിക്ക് രാജ്യമാണ് വലുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.