ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റാന്‍ബാക്സിയുടെ മുന്‍ ഉടമകളില്‍ ഒരാളായ ശിവിന്ദര്‍ സിംഗ് അറസ്റ്റില്‍. 740 കോടി രൂപയുടെ തട്ടിപ്പാണ് ശിവിന്ദര്‍ സിംഗും സഹോദരനായ മല്‍വീന്ദര്‍ സിംഗും നടത്തിയത്.
റലിഗേര്‍ ഫിന്ഫെസ്റ്റ് നല്കിയ പരാതിയിലാണ് ശിവിന്ദര്‍ സിംഗിനും മല്‍വീന്ദര്‍ സിംഗിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് റലിഗേര്‍ പരാതി നല്‍കിയത്. സാമ്പത്തിക തിരിമറി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഔഷധ നിര്‍മ്മാണ കമ്പനിയായ റാന്‍ബാക്സി 2008 ല്‍ ജപ്പാന് ആസ്ഥാനമായ ഡയ്കി സാന്‍കോയ്ക്ക് വിറ്റിരുന്നു. വസ്തുതകള്‍ മറച്ച് വെച്ച് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഡയ്കി സാന്‍കോ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ 2,600 കോടി രൂപ പിഴയടക്കണമെന്ന് സിങ്കപ്പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.