ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അര്‍ദ്ധസൈനികരെ വിന്യസിക്കുന്നതിന് ഇനി അധികം പണം നല്‍കേണ്ടി വരും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 ശതമാനം വരെ അധികം തുക ഇനി നല്‍കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2023 ഓടെ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ നിലവില്‍ ഉള്ള തുകയുടെ 65 ശതമാനം ചെലവഴിക്കേണ്ടി വരും.
2019 -20 കാലഘട്ടത്തില്‍ സാധാരണ പ്രദേശങ്ങളില്‍ അര്‍ദ്ധ സൈനികരെ വിന്യസിക്കുന്നതിന് 13.70 കോടിയാണ് നല്‍കേണ്ടത്. 2023- 24 കാലഘട്ടമാകുമ്പോഴേക്കും ഇത് 22.30 കോടിയായി മാറും. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമസഭകള്‍ ഇല്ലാത്തതിനാല്‍ പുതിയ ചാര്‍ജില്‍ നിന്നും ഒഴിവാക്കും. സൈനികര്ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വൈദ്യുതി എന്നിവ ഒരുക്കുന്നതിന്റെ ചെലവും സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കുന്നതിന് നല്‍കേണ്ടത് 25.18 കോടിയാണ്. 2023 -24 ഓടെ ഇത് 33.78 കോടിയായി വര്‍ധിക്കും. പത്ത് ദിവസത്തില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചാല്‍ ഒരുമാസത്തെ പണം നല്‍കേണ്ടി വരും.