ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ഇന്ന്. തമിഴ്നാട്ടിലെ ചരിത്ര പ്രസിദ്ധ നഗരമായ മഹാബലിപുരം കൂടിക്കാഴ്ചക്ക് വേദിയാകും.
കശ്മീര്‍ വിഷയം ബീജിംഗ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ശക്തമായ ഭാഷയിലാണ് ഇന്ത്യ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടെണ്ടെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. സമാധാന ചര്‍ച്ചകള്‍ക്കിടെ ചൈന കശ്മീര്‍ വിഷയം ഉന്നയിച്ചാല്‍ ഇന്ത്യ നിലപാട് വ്യക്തമാക്കും. അതേസമയം, ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള 15 രാജ്യങ്ങളടങ്ങിയ സ്വതന്ത്ര വ്യാപാര കരാര്‍ ആര്.സി.ഇ.പിയെക്കുറിച്ചുള്ള ചര്‍ച്ച ബാങ്കോക്കില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ചര്‍ച്ചയില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാനും ഒപ്പം ചൈനയില്‍ ഇന്ത്യക്ക് സ്വന്തമായൊരു കമ്പോളം വേണമെന്ന ആവശ്യം മുന്നോട്ടുവെക്കാനും സാധ്യതയുണ്ട്. ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ മോദിയും ഷി ജിന്‍പിങും മധ്യ ചൈനീസ് നഗരമായ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.