കോഴിക്കോട്: കൂടത്തായി കൂട്ട കൊലക്കേസ് മുഖ്യപ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രയെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ്. കഴിഞ്ഞ ആറുമാസത്തെ ജോളിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ ജോളി നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചിരുന്നതായി സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കൂടത്തായി കേസിലെ പ്രാഥമിക അന്വേഷണം നടക്കുന്ന സമയത്തും സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയിലും ജോളി കോയമ്പത്തൂരില്‍ ആയിരുന്നുവെന്നാണ് അന്വേഷണ സംഘം വിവരം നല്‍കുന്നത്. ഓണ സമയത്ത് ജോളി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കട്ടപ്പനയില്‍ ബന്ധു വീട്ടിലായിരുന്നെന്നും മകന് റോജോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കട്ടപ്പനയില്‍ രണ്ടു ദിവസം മാത്രമാണ് ഉണ്ടായതെന്നും ബാക്കി ദിവസങ്ങളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോയമ്പത്തൂരാണ് കാണിക്കുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിരുന്നു.
അതേസമയം കൂടത്തായി കേസില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. റോയിയുയെ മരണം മാത്രമാണ് നേരത്തെ കേസെടുത്തിരുന്നത്. 2002-2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും വ്യത്യസ്ത കേസുകളായി ഇന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ആറു കൊലപാതകങ്ങളും താന്‍ തന്നെയാണ് നടത്തിയതെന്ന് ജോളി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ആറു കേസുകളും പ്രത്യേകമായി രജിസ്റ്റര്‍ ചെയ്തത്.