NewsKerala

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബജറ്റ് പ്രഖ്യാപനത്തിലെ തുക പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നില എത്തിയതായാണ് വിവരം.

ബജറ്റ് തുകയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക നല്‍കാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.100 കോടി രൂപയാണ് ബജറ്റ് സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആദ്യ ഗഢുവായി 20 കോടി നല്‍കാമെന്നും സര്‍ക്കാര്‍ ബോര്‍ഡിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപപോലും സര്‍ക്കാര്‍ ബോര്‍ഡിന് നല്‍കിയിട്ടില്ല.

ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ നിന്ന് അപ്രധാനമായ മരാമത്ത് പണികള്‍ക്കായി പണം ചെലവാക്കിയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ ശബരിമലയില്‍ ലേലം എടുക്കാന്‍ ആളെത്താത്തതും പ്രതിസന്ധി ഗുരുതരമാക്കി. ചട്ട വിരുദ്ധമായി ബോര്‍ഡിന്റെ നിക്ഷേപം പണയം വെച്ച് 30 കോടിരൂപ വായ്പ എടുത്തതിനാല്‍ നിക്ഷേപത്തില്‍ നിന്ന് പലിശയും ലഭിക്കില്ല. ഈ സാഹചര്യവും സാമ്പത്തിക സ്ഥിതി തകരാറിലാകാന്‍ കാരണമായിട്ടുണ്ട്.

പ്രതിമാസം 26 കോടി രൂപയാണ് ചെലവിനായി ദേവസ്വം ബോര്‍ഡിന് ആവശ്യം വരുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും മുടങ്ങും.

യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ച തുക പോലും നല്‍കാതെ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായാണ് റിപ്പോര്‍ട്ട്

178 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close