മാമല്ലപുരം: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന് ദക്ഷിണേന്ത്യന്‍ സദ്യ ഒരുക്കി മാമല്ലപുരം. തക്കാളി രസം, വറുത്തരച്ച സാമ്പാര്‍, കടല കുറുമ, കാവനരാസി ഉള്‍പ്പെടെയുള്ള വിവിധ തരം വിഭവങ്ങള്‍ അടങ്ങിയ ദക്ഷിണേന്ത്യന്‍ സദ്യയാണ് ഇന്ന് വൈകുന്നേരം ചൈനീസ് പ്രസിഡന്റിന് നല്‍കുക. ചെട്ടിനാട് മുതല്‍ കാരൈക്കുടി വരെയുള്ള പ്രദേശങ്ങളിലെ ഭക്ഷണമാണ് ഒരുക്കിയത്.
ചൈനീസ് പ്രസിഡന്റുമായി ആറു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് മാമല്ലപുരത്ത് നടക്കുക. തുടര്‍ന്ന് മാമല്ലപുരത്തെ സ്മാരകങ്ങള്‍, അര്ജുനന് തപസ് ചെയ്ത സ്ഥലം, പഞ്ച് രഥാസ്, ഷോര്‍ ടെപിള്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും. പിന്നീട് അമ്പലത്തില്‍ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിലും ഇരു നേതാക്കളും പങ്കെടുക്കും.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ചൈനീസ് പ്രസിഡന്റിനെ വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
ചര്‍ച്ചയില്‍ ഭികരവാദം, ധനസഹായം തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഉച്ചഭക്ഷണത്തോടെ ചൈനീസ് പ്രസിഡന്റ് തിരികെ പോകും.