തിരുവനന്തപുരം: തെരഞ്ഞെടുപ്പു സമയത്ത് വിവാദ പ്രസ്തവനകള് നടത്തരുതെന്ന താക്കീതുമായി സിപിഎം. നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ ജി സുധാകരന് നടത്തിയ പൂതനാ പരാമര്‍ശവും, മറ്റൊരു മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്
കുമ്മനം രാജശേഖരനെതിരെ നടത്തിയ വിമര്‍ശനങ്ങളും തീര്‍ത്തും അനാവശ്യമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എല്ലാ നേതാക്കളുടെയും വാക്കുകളില്‍ നിയന്ത്രണം വേണമെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന ജി സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.അതേസമയം, കുമ്മനത്തെ മോശമായി പരമാര്‍ശിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കടകംപള്ളി ഇട്ട പോസ്റ്റാണ് വിവാദത്തിനിടയാക്കിയത്. കനത്ത മറുപടിയുമായി കുമ്മനം രംഗത്തെത്തിയതോടെ മാപ്പപേക്ഷിച്ച് കടകം പള്ളി തടിയൂരിയിരുന്നു.