ബംഗളുരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ. ഓര്‍ഡര്‍ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് എത്തിച്ച് നല്‍കിയതിനാണ് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് പിഴ വിധിച്ചത്. ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്കാന് കമ്പനി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉപഭോക്താവായ വദിരരാജാ റാവു ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പരാതി നല്‍കുകയായിരുന്നു.
2017 ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ ക്രിക്കറ്റ് ബാറ്റ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് ഒരു കോട്ടായിരുന്നു. ഉല്‍പ്പന്നം മാറ്റിവാങ്ങാനായി പലതവണ ഇയാള്‍ ഫ്ളിപ്പ്കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ കമ്പനി ഉല്‍പ്പന്നം മാറ്റി നല്കാന് തയ്യാറായില്ല. തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് റാവു ഉപഭോക്തൃ കോടതിയെ സമീപിച്ചു.
ആറ് ആഴ്ച്ചക്കുള്ളില് ഉല്‍പ്പന്നം മാറ്റി നല്‍കണമെന്നും ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപയും ഉപഭോക്തൃ കോടതിയുടെ വെല്‍ഫെയര്‍ ഫണ്ടിലേക്ക് 50,000 രൂപയും അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നല്കാന് കാലതാമസം വരുത്തുകയാണെങ്കില്‍ വാര്‍ഷിക പലിശയായി 10 ശതമാനം തുക അധികം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.