Kerala

ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകന് പ്രത്യേക ആനുകൂല്യം; ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിയ്ക്ക് ശമ്പളമില്ലാ അവധി നല്‍കിയത് ഉന്നതരുടെ ഒത്താശയോടെയെന്ന് സൂചന

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സിപിഎം പ്രവര്‍ത്തകന് ജില്ലാ സഹകരണ ബാങ്കില്‍ ശമ്പളമില്ലാ അവധി. ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകനായ പാട്ടക്ക സുരേഷ് ബാബുവാണ് ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ട് തസ്തികയില്‍ അവധിയില്‍ തുടരുന്നത്. മൂന്നു മാസത്തില്‍ കൂടുതല്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ സര്‍വീസില്‍ നിന്നു തന്നെ പിരിച്ചുവിടണമെന്ന നിയമം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സിപിഎം നേതാവിന് ഇത്തരത്തില്‍ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത്.

2007 ഓഗസ്റ്റിലാണ് ബിജെപി പ്രവര്‍ത്തകനായ മുര്യാട് പ്രമോദിനെ സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് പിഎസ്‌സി മുഖേന സുരേഷ് ബാബു ജില്ലാ ബാങ്കില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നേടിയത്. സിപിഎമ്മിന്റെ പ്രത്യേക പരിഗണനയിലാണ് സുരേഷിന് ബാങ്കില്‍ ജോലി ലഭിച്ചത്.എന്നാല്‍ പ്രത്യേക അവസരങ്ങളില്‍ മാത്രമേ ജീവനക്കാര്‍ക്ക് സാധാരണ ശമ്പളമില്ലാ അവധി അനുവദിക്കാറുള്ളു.

ജോലി സംബന്ധമായോ, ഉപരിപഠനത്തിനോ മറ്റുമായി വിദേശത്തു പോകാനൊക്കെയാണ് അവധി അനുവദിക്കുന്നത്. 20 വര്‍ഷം വരെ ഇത്തരത്തില്‍ ശമ്പളമില്ലാ അവധിക്ക് അപേക്ഷിക്കാം. എന്നാല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിക്ക് എങ്ങനെയാണ് ഈ ലീവ് അനുവദിച്ച് കിട്ടിയതെന്ന് സംശയമുയര്‍ത്തുന്ന വസ്തുതയാണ്. ഉന്നത നേതാക്കളുടെ ഒത്താശയോടെ ശിക്ഷയില്‍ ഇളവ് നേടി പുറത്തിറങ്ങിയതിന് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചതെന്നാണ് സൂചന.

അതേസമയം, സുരേഷ് ബാബു ജയിലിലാണെന്ന വിവരം തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കില്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സുരേഷിന് നോട്ടീസ് അയച്ചിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ സുരേഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

445 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close