മുംബൈ : രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി. അമേരിക്കന്‍ ബിസിനസ്സ് മാസികയായ ഫോബ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില്‍ ഇത്തവണയും റിലയന്‍സ് ഇന്‍സ്ട്രീസ് മേധാവി മുകേഷ് അംബാനി ഒന്നാമനായി. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് മുകേഷ് അംബാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനാകുന്നത്. 51. 4 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ജിയോ ആരംഭിച്ചതോടുകൂടി മുകേഷ് അംബാനിയുടെ സമ്പത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 4.1 ബില്യണ്‍ ഡോളറാണ് ജിയോയിലൂടെ ലഭിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയാണ് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 15.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ സമ്പത്ത്. കഴിഞ്ഞ തവണ ഒന്‍പതാം സ്ഥാനമാണ് ഗൗതം അദാനിക്കുണ്ടായിരുന്നത്. 15.6 ഡോളര്‍ ആസ്തിയുമായി ലെയ്ലന്റിന്റെ ഹുന്ദുജ സഹോദരങ്ങള്‍ മൂന്നാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.
രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ എട്ട് മലയാളികളാണ് ഇക്കുറി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയാണ് മുന്നില്‍. 4.3 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ 26ാം സ്ഥാനത്താണ് യൂസഫലി ഉള്ളത്. ആര് പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 3.1 ബില്ല്യണ്‍ ഡോളറാണ് ആസ്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ എംജി ജോര്‍ജ് മുത്തൂറ്റ് (3.05 ബില്യണ്‍ ഡോളര്‍, ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണന് (2.36 ബില്യണ്‍ ഡോളര്‍), ജെംസ് എജ്യൂക്കേഷന്റെ സണ്ണി വര്‍ക്കി (2.05 ബില്യണ്‍), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്(1.91 ബില്യണ്‍ ഡോളര്‍), വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ഡോ. ഷംസീര്‍ വയലില്‍ (1.41 ഡോളര്‍), ഇന്‍ഫോസിസിന്റെ എസ്.ഡി ഷിബുലാല്‍ (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ഇതില്‍ ബൈജു രവീന്ദ്രന് ഫോബ്സ് പട്ടികയിലെ പുതുമുഖമാണ്. 72 ാം സ്ഥാനമാണ് പട്ടികയില്‍ അദ്ദേഹത്തിനുള്ളത്.