തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന കാര്യവട്ടം ട്വന്റി 20ക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരം രൂപയാണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടിക്കറ്റുകളും വിൽപ്പനക്കുണ്ട്. ക്ലബുകൾക്കും വിദ്യാർഥികൾക്കും 1000 രൂപയുടെ ടിക്കറ്റിന് 50 ശതമാനം ഇളവ് നൽകാനും തീരുമാനമായി. ടിക്കറ്റ് വിൽപ്പന പൂർണ്ണമായും ഓൺലൈനായാണ്.
വരുന്ന ഡിസംബർ എട്ടിനാണ് കാര്യവട്ടം ട്വന്റി 20. ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ട്വന്റി 20യ്ക്കാണ് കാര്യവട്ടം വേദിയാകുന്നത്. ആകെ മൂന്ന് ട്വന്റി 20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ട്വന്റി 20 വാങ്കഡെയിലും മൂന്നാം ട്വന്റി 20 ഹൈദരാബാദിലും നടക്കും.
കഴിഞ്ഞ നവംബറിലാണ് കാര്യവട്ടത്ത് അവസാനമായി അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ വിൻഡീസ് പരമ്പരയിലെ അവസാന ഏകദിനമായിരുന്നു കാര്യവട്ടത്ത് നടന്നത്. അന്ന് വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞിട്ട ഇന്ത്യ 9 വിക്കറ്റിന് ജയം സ്വന്തമാക്കി. വെറും 105 റൺസ് മാത്രമാണ് വെസ്റ്റ് ഇൻഡീസിന് എടുക്കാനായത്. 14.5 ഓവറിൽ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.