തിരുവനന്തപുരം: വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ 6 പ്രതികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊഫെപോസ ചുമത്തി. കള്ളക്കടത്തു തടയാനുള്ള നിയമമാണ് കൊഫെപോസ. ആറുപേരില്‍ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മുഖ്യപ്രതികളില്‍ ഒരാളായ സുനില്‍ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടു.
രാജ്യത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടന്നതെന്ന് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വ്യക്തമാക്കിയിരുന്നു. 750 കിലോ സ്വര്‍ണമാണ് പ്രതികള്‍ പല തവണകളിലായി വിമാനത്താവളത്തിലൂടെ കടത്തിയത്. പ്രകാശ് തമ്പി, ബിജു മോഹന്‍, സ്വര്‍ണം കടത്തിയ സെറീന എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കോഫെപോസ നിയമപ്രകാരം അറസ്റ്റു ചെയ്തത്.കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കോഫെപോസെ നിയമനടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. നിയമപ്രകാരം പ്രതികള്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കണം.
സിബിഐക്ക് ആണ് നിലവിലെ കേസിന്റെ അന്വേഷണ ചുമതല. കേസില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ളതിനാല്‍ ഇവരുടെ വിദേശ ബന്ധം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയതെന്നാണ് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. സഹപ്രവര്‍ത്തകര്‍ അറിയാതെയാണ് രാധാകൃഷ്ണന് സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്നത്.