ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് പണപ്പിരിവ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേര് പിടിയില്‍. നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് സമീപത്ത് നിന്നാണ് തട്ടിപ്പ് നടത്തിയവരെ പിടികൂടിയത്. റെയില്‍വേ ക്രോസില്‍ ഓട്ടോ നിര്‍ത്തിയിട്ട് ചികിത്സാ സഹായത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തുകയായിരുന്നു ഇവര്‍. ഗാന്ധിഭവന് സ്നേഹവീട്ടിലെ പ്രവര്‍ത്തകരും പത്തിയൂര്‍ സ്വദേശിയായ ഒരാളും സംശയം തോന്നി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്.
പത്തിയൂര്‍ സ്വദേശിയായ മൂന്ന് വയസുകാരി അനശ്വരയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നുവെന്ന ബോര്‍ഡ് വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വാര്‍ഡ് മെമ്പറുടെ ഫോണ്‍ നമ്പര്‍ സഹിതം വെച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ വാര്‍ഡ് മെമ്പറെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ മെമ്പര്‍ അറിയാതെയാണ് പണപ്പിരിവ് നടത്തുന്നതെന്ന് കണ്ടെത്തി. പിന്നീട് വാര്‍ഡ് മെമ്പറാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ചികിത്സാ സഹായം ആവശ്യമുള്ള കുട്ടിയുടെ വീട്ടില്‍ വിവരം അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് പത്തിയൂര്‍ ഭാഗത്ത് ഇവര്‍ മറ്റൊരു രോഗിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അനശ്വരയുടെ രോഗ വിവരം ഇവരെ അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് സംഘം അനശ്വരയുടെ വീട്ടില്‍ എത്തി ചികിത്സാ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് മടങ്ങി. എന്നാല്‍ പണപ്പിരിവ് നടത്തുന്ന വിവരം വീട്ടുകാരെ അറിയിക്കുകയോ സഹായം നല്‍കുകയോ ഇവര്‍ ചെയ്തിട്ടില്ല.