റായ്പൂര്‍ : ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ ദിവസം രാവിലെ ബിജാപൂര്‍ ജില്ലയിലെ തെക്മേതലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഭീകരനെ വധിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ സുരക്ഷാ സേനയും പോലീസും പെട്രോളിംഗ് നടത്തുന്നതിനിടെ ഒരു സംഘം കമ്മ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഭീകര സംഘം കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു.
പിന്നീട് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഒരു കമ്മ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. തിരനിറച്ച തോക്കും ഇയാളുടെ സമീപത്ത് നിന്ന് സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.