ശ്രീനഗര്‍ : സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിത യാത്ര ഒരുക്കി രജൗരി ജില്ലാ ഭരണകൂടം. സുരക്ഷിത യാത്രക്കായി പിങ്ക് വാനുകള്‍ പുറത്തിറക്കി. ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇനി മുതല്‍ ഇവര്‍ക്ക് പേടികൂടാതെ യാത്ര ചെയ്യാമെന്നും രജൗരി ജില്ലാ വികസന കമ്മീഷണര്‍ മുഹമ്മദ് ഐജാസ് ആസാദ് പറഞ്ഞു.
ജില്ലയിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗതാഗത വകുപ്പ് സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വേയില്‍ കൂടുതല്‍ പേരും പറഞ്ഞത് അവരുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി രൂപം കൊടുത്തതെന്നും ഇതിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകാന്‍ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് സീറ്റുകള്‍ വീതമുള്ള ആറ് വാനുകളാണ് തുടക്കത്തില്‍ പുറത്തിറക്കുന്നത്. സ്ത്രീകള്‍കള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന റൂട്ടുകളിലാണ് തുടക്കത്തില്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ദിവസവും രാവിലെ 8 മുതല്‍ രാത്രി 9 മണിവരെ പിങ്ക് വാനുകളുടെ സേവനം ലഭ്യമാകുമെന്നും ആസാദ് പറഞ്ഞു