കോഴിക്കോട് : കൂടത്തായിലെ കൊലപാതക പരമ്പര ഏറെ വെല്ലുവിളി ഏറിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. ആറ് കൊലപാതകങ്ങളില്‍ ഓരോന്നും പ്രത്യകമായി അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ് പി ഓഫീസില്‍ എത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെഹ്റ.
കേസില്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതിന് കാരണം കൊലപാതകങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ആണ്. 17 വര്‍ഷം മുന്‍പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാനത്തെ ആകട്ടെ മൂന്നു വര്‍ഷം മുന്‍പും. അതുകൊണ്ടു തന്നെ കേസില്‍ ദൃക്സാക്ഷിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് കേസുകളും അന്വേഷിക്കുക ഓരോ അന്വേഷണ സംഘങ്ങള്‍ ആയിരിക്കും. കുറ്റാന്വേഷണത്തില്‍ മിടുക്കരായ ഉദ്യോഗസ്ഥരും അവരെ സഹായിക്കാനായി മികച്ച ഫോറന്‍സിക് വിദഗ്ധരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടി വന്നാല്‍ ഫോറന്‍സിക് പരിശോധന രാജ്യത്തിന് അകത്തും പുറത്തും നടത്തും. കേസില്‍ തെളിവുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. നിലവില്‍ കേസിന്റെ പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും അദ്ദേഹം പറഞ്ഞു.