മേട്ടുപ്പാളയം: പട്ടാളത്തില്‍ നിന്നും വിരമിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതിയോടു കൂടി സിവില്‍ക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ആര്ബിട്രേഷന് ജഡ്ജിയെന്ന വ്യാജേന നാട്ടുക്കാരെ കബളിപ്പിച്ച മേട്ടുപ്പാളയം സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി സ്ഥലമിടപാട് കേസുകള്‍ കൈകാര്യം ചെയ്ത എ.ആര്. ചന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ചന്ദ്രന് വ്യാജരേഖകള്‍ ചമച്ചാണ് കേസുകള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അഞ്ഞൂറിലധികം വ്യാജസീലുകളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ചെറിയ കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള ജഡ്ജിമാരുടെ സീലുകളാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.
ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി എന്ന ഐ.ഡി കാര്‍ഡുമായി ഇരുപത് വര്‍ഷത്തോളമായി ജഡ്ജി എന്ന ബോര്‍ഡ് വച്ച കാറിലാണ് ചന്ദ്രന് സഞ്ചരിച്ചിരുന്നത്. ഇയാളുടൊപ്പം ഗണ്‍മാനായി നടന്നിരുന്ന തിരുവണ്ണാമല സ്വദേശി കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുമാര്‍ കൈവശം വച്ച തോക്കും പിടിച്ചെടുത്തു.
ആഡംബര ജീവിതം നയിച്ചിരുന്ന ചന്ദ്രന് മറ്റു ജില്ലകളില്‍ മാത്രമാണ് കേസുകള്‍ നടത്തിയിരുന്നത്. ധര്‍മപുരി, ഹൊസൂര്‍, സേലം കീഴ്ക്കോടതികളില്‍ ഇയാള്‍ക്കെതിരെ സിവില്‍ക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മേട്ടുപ്പാളയത്ത് സ്ഥിരം താമസക്കാരനായിരുന്ന ചന്ദ്രനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അയല്വാസികള്ക്കുമറിയില്ല.
നിരവധി അവാര്‍ഡുകള്‍ വാങ്ങിച്ചിട്ടുള്ള ഇദ്ദേഹം അവാര്‍ഡിനായി സ്വന്തമായി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം. പരിപാടികളില്‍ ഉന്നത രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീടുകള്‍ പരിശോധന നടത്തി വരികയാണ്. ഒന്നിലധികം വീടുകളും നാല് കാറുകളുമാണ് ചന്ദ്രന് മേട്ടുപ്പാളയത്ത് മാത്രമായിട്ടുള്ളത്.