കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍ 14 പേര് മരിച്ചു. 98 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സിന്ധുചൗക് ജില്ലയിലായിരുന്നു അപകടം. പരിക്കേറ്റവരെ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരിച്ച 14 പേരില്‍ അഞ്ച് പേര് സംഭവ സ്ഥലത്തും ബാക്കി 9 പേര് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷവുമാണ് മരണപ്പെട്ടത്. പരിക്കേറ്റ 98 പേരില്‍ 67 പേര് ദുലിക്കലേല് ആശുപത്രിയിലും, 16 പേര് ഷീര്‍ മെമ്മോറിയല്‍ ആശുപത്രിയിലും, 15 പേര് കാഠ്മണ്ഡുവിലെ ബിര്‍ ആശുപത്രിയിലും രണ്ട് പേര് നോബിള്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളുടെയും നില അതീവ ഗുരുതരമാണ്.
ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് 100 മീറ്ററോളം തെന്നി നീങ്ങിയിട്ടുമുണ്ട്.
ബസില്‍ ഉള്‍ക്കൊള്ളാവുന്നതിനെക്കാള്‍ അധികം ആളുകളെ കയറ്റിയതാണ് മരണ സംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കൂടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ബസില്‍ ഏകദേശം 120 ഓളം ആളുകളാണ് ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം