ന്യൂഡൽഹി: വാഹനാപകടത്തിൽ മരണപ്പെട്ട ഷില്ലോംഗ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക്ക് ജാലയ്ക്ക്(69) പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. സമൂഹത്തിന് നൽകിയ സേവനവും മേഘാലയയുടെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും എക്കാലവും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
യുഎസിലെ കാലിഫോർണിയയിലുണ്ടായ റോഡപകടത്തിലാണ് ഡൊമിനിക്ക് ജാലയും മലയാളി വൈദികനായ ഫാ. മാത്യു വെള്ളാങ്കലും(50) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മലയാളി വൈദികനായ ഫാ. ജോസഫ് പേരേക്കാട്ടിനും സാരമായി പരിക്കേറ്റിരുന്നു. കാലിഫോർണിയയിലെ ക്ലിയർലേക്കിലേക്കുള്ള യാത്രാമധ്യേ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്റർനാഷണൽ കമ്മീഷൻ ഫോർ ഇംഗ്ലീഷ് ലിറ്റർജിയുടെ ഒരു മീറ്റിംഗിൽ പങ്കെടുക്കാനാണ് സലേഷ്യൻ സന്യാസ സഭാംഗമായ ആർച്ച് ബിഷപ് യുഎസിലെത്തിയത്.
Anguished by the passing away of Most Rev. Dominic Jala, the Archbishop of Shillong. He will be remembered for his impeccable service to society and passion towards Meghalaya’s progress. May his soul rest in peace: PM @narendramodi
— PMO India (@PMOIndia) October 12, 2019
1951 ജൂലൈ 12-ന് മേഘാലയിലെ മാവ്ളായിൽ ജനിച്ച ആര്‍ച്ച് ബിഷപ്പ് ജാല 1977-ലാണ് സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായത്. സഭയുടെ ഗുവഹാത്തി പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി സേവനമനുഷ്ഠിച്ച ജാല 1999 ഡിസംബർ 22-ന് ഷില്ലോംഗ് ആർച്ച് ബിഷപ്പായി നിയമിതനായി.
സലേഷ്യൻ സഭാ വൈദികനായിരുന്ന ഫാ. മാത്യു വെള്ളാങ്കൽ 10 രൂപതകൾ ചേർന്ന നോർത്ത് ഈസ്റ്റേൺ റിജിയന്റെ യൂത്ത് ഡയറക്ടറായും ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ മൂവ്മെന്റ് ഓഫ് കാത്തലിക്ക് അഗ്രിക്കൾച്ചറൽ ആന്റ് റൂറൽ യൂത്തിന്റെ ഇന്റർനാഷണൽ യൂത്ത് ചാപ്ലെയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.