ഇടുക്കി: രാജമലയില്‍ യാത്രയ്ക്കിടെ ജീപ്പില്‍ നിന്നും തെറിച്ചു വീണ കുട്ടിയെ രക്ഷിച്ചത് വനംവകുപ്പു ജീവനക്കാരല്ലെന്ന് വ്യക്തമാക്കി ഓട്ടോ ഡ്രൈവര്‍ രംഗത്ത്. റോഡില്‍ വീണ കുഞ്ഞിന്റെ ദൃശ്യം സിസിടിവിയില്‍ കണ്ടെത്തിയ വനം വകുപ്പ് ജീവനക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്നായിരുന്നു വാദം. എന്നാല്‍ വനംവകുപ്പിന്റെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കനകരാജ് എന്ന ഓട്ടോ ഡ്രൈവറാണ് റോഡില്‍ വീണ ഒന്നര വയസുള്ള കുട്ടിയെ രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പോലീസില്‍ മൊഴി നല്കി. സിസിടിവി ദൃശ്യങ്ങള്‍ കണ്ടിരുന്നെങ്കിലും പ്രേതത്തിലുളള പേടികൊണ്ടാണ് കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്നത്.
സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡില്‍ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചായിരുന്നു സംഭവം. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്് നാലു മണിക്കൂറിനു ശേഷം പോലീസ് ,വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
രാജമലയില്‍ ജീപ്പില്‍ നിന്ന് വീണ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍
രാജമലയില്‍ ജീപ്പില്‍ നിന്ന് വീണ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍
Posted by IEMalayalam on Saturday, October 12, 2019
സിസിടിവി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 50 കിലോമീറ്റര്‍ ദുരം പിന്നിട്ട ശേഷമാണ് കുഞ്ഞ് ജീപ്പിലില്ലെന്ന വിവരം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പിളികണ്ടം സ്വദേശികളായ സതീഷ് സത്യഭാമ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.