ഭുവനേശ്വര്‍: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത ഗ്രാമത്തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്ര നായിക്ക് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഒഡീഷയിലെ കിയോജ്ഞറിലെ ഗ്രാമത്തലവനായിരുന്നു ഉപേന്ദ്ര നായിക്ക്. ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് ഇയാള്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പണം തട്ടിയെടുത്തത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ജില്ലാ ഗ്രാമ വികസന ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക ഉപേന്ദ്ര നായിക്കും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് ജില്ലാ ഗ്രാമ വികസന ഏജന്‍സി കണ്ടെത്തി.
തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തട്ടിപ്പിന് കൂട്ടു നിന്ന മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.