തൃശൂര്‍: വൈദ്യപരിശോധനയ്ക്കായി വിലങ്ങ് അഴിച്ച സമയം നോക്കി പൊലീസുകാരുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. അടിപിടി കേസിലെ പ്രതിയായ വരയിടം സ്വദേശി ലിയോ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി ഇറങ്ങിയോടിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതായിരുന്നു പ്രതിയെ. കയ്യിലെ വിലങ്ങ് അഴിച്ച തക്കം നോക്കി പ്രതി ഇറങ്ങി ഓടുകയായിരുന്നു.
പ്രതിയുടെ പിറകെ കൂട്ടുപ്രതിയുമായി പൊലീസുകാരനും കൂടെ ഓടി. കൈവിലങ്ങു ധരിച്ച കൂട്ടുപ്രതിയുമായി രക്ഷപ്പെട്ട പ്രതിയുടെ പിന്നാലെ പായുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. പക്ഷെ പ്രതി രക്ഷപ്പെടാനായി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഇതോടെ പൊലീസുകാര്‍ പ്രതിയെ കയ്യോടെ പിടികൂടി. പേരാമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.