ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചു വരണമെന്ന് മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ്. ലോക തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാനുള്ള അവസരം നല്‍കാതെ രാഹുല്‍ ഒളിച്ചോടുകയാണ് ചെയ്തതെന്ന് ഖുര്‍ഷിദ് നേരത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഖുര്‍ഷിദിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് തന്റെ നിലപാട് മാറ്റി ഖുര്‍ഷിദ് വീണ്ടും രംഗത്തെത്തിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും അറിവുള്ളതുകൊണ്ടും കടപ്പാട് ഉള്ളതുകൊണ്ടുമാണ് താന്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നത്. മഹാത്മ ഗാന്ധിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മഹത്തായ യുദ്ധത്തിന് തയ്യാറാവണം. അല്ലാതെ താല്‍ക്കാലിക ജനപ്രീതിക്ക് വേണ്ടിയുള്ള ബഹളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലാണ് തങ്ങളുടെ നേതാവെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.