കൊച്ചി: മരട് ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേകം പരിഗണന നല്‍കുമെന്ന് നഗരസഭാ സ്പെഷ്യല്‍ സെക്രട്ടറി സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഫോടനം നടത്തുമ്പോള്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് വീടുകളില്‍ നിന്നും മാറി നില്ക്കാന് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മരട് ഫ്ളാറ്റ് സമുച്ചയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പൊളിക്കല്‍ നടപടിക്ക് നഗരസഭ അംഗീകാരം നല്കാത്തതിനാല് ഫ്ളാറ്റുകളെ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ല. ഫ്ളാറ്റു പൊളിക്കുന്നതിനുളള രണ്ടു കമ്പനികളെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നെങ്കിലും നഗരസഭ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. എഡിഫൈസ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്ളാറ്റ് പൊളിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഫ്്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട മറ്റ് നടപടികളൊന്നും കൗണ്‍സിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമായാണ് കമ്പനികള്‍ക്ക് അംഗീകാരം നല്‍കാത്തതെന്നാണ് സൂചന. സാഹചര്യങ്ങള്‍ വ്യക്തമാക്കി നാളെ ചീഫ് സെക്രട്ടറിയ്ക്ക് സബ്കളക്ടര്‍ കത്ത് നല്‍കും.