ചായക്കൂട്ടുകളുടെ ദൃശ്യ വിസ്മയം സമ്മാനിക്കാൻ രംഗോളി ഉത്സവം, മാസ്മരിക സംഗീത പ്രപഞ്ചമൊരുക്കാൻ പ്രശസ്ത ഗായകൻ വിജയ് പ്രകാശും സംഘവും, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തരൂപങ്ങൾ, പ്രാദേശിക രുചിക്കൂട്ടുകൾ ഒരുക്കി ഫുഡ് മേള. ദുബായ് ആസ്ഥാനമായ എഫ് ഓ ഐ ഇവന്റസ് ഒരുക്കുന്ന ദീപാവലി ഉത്സവത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്.
ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ ദുബായ് മുഹൈസിനയിൽ ഉള്ള എത്തിസലാത് അക്കാദമി മൈതാനിയിലാണ് യു എ ഇ യിലെ തന്നെ ഏറ്റവും വലിയ ആഘോഷ പരിപാടി അരങ്ങേറുക. ചായക്കൂട്ടുകളിൽ നിറയുന്ന കാഴ്ചകളോടെ രംഗോളി ഉത്സവമാണ് ആദ്യം. തുടർന്ന് വേദിയിൽ പൊതുപരിപാടികൾ ആരംഭിക്കും. പ്രശസ്ത ഗായകൻ വിജയ് പ്രകാശും സംഘവും ഒരുക്കുന്ന സംഗീത വിരുന്നും, വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത നൃത്ത രൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത സന്ധ്യയുമാണ് പ്രധാന ആകർഷണം. പ്രാദേശിക, നാടൻ കളികൾക്കായി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ടാകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ തനി നാടൻ വിഭവങ്ങൾ രുചിക്കാൻ ഫുഡ് മേളയും ദീപാവലി ഉത്സവിന്റെ ഭാഗമായുണ്ടാകും.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെയാണ് ദീപാവലി ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും പ്രത്യേക ബസ് സർവീസും ആഘോഷം നടക്കുന്ന ഇത്തിസലാത്ത് അക്കാദമിയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോൺസുൽ ജനറൽ വിപുൽ ആഘോഷപരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചു. എഫ് ഒ ഐ ഇവന്റ്സ് സി എസ് ആർ കോർഡിനേറ്റർ എൻ മോഹൻ, ഭാരവാഹികളായ വിശ്വജിത്, വെങ്കടേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.