ഏഴു വയസ്സ് മുതൽ എഴുപത് വയസ്സ് വരെ പ്രായമുള്ളവർ പങ്കെടുപ്പിച്ചു കൊണ്ട് എസ് എൻ ഡി പി യൂണിയൻ ഷാർജ ഒരുക്കിയ സേവനം കലോത്സവത്തിന് തിരശീല വീണു. മൂന്നു വെള്ളിയാഴ്ച്ചകളിലായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ 19 ഇനങ്ങളിലായി 650 മത്സരാർഥികളാണ് പങ്കെടുത്തത്. സേവനം കലോത്സവത്തിന്റെ ഏഴാം പതിപ്പിന്റെ സമാപനവും, ഓണാഘോഷവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരൻ കെ എൽ മോഹനവർമ്മ, സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വാദ്യഘോഷങ്ങളും, മാവേലി എഴുന്നള്ളത്തുമൊക്കെ പരിപാടിക്ക് കൊഴുപ്പേകി.