ടോക്കിയോ; ജപ്പാനില്‍ ഉണ്ടായ ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.16 പേരെ കാണാതായി. എന്നാല്‍ 14 പേര് മരിച്ചതായും 11 പേരെ കാണാതായെന്നുമാണ് സര്‍ക്കാര്‍ കണക്ക്. സംഭവസ്ഥലത്ത് സുരക്ഷാ പ്രവര്‍ത്തനത്തിനായി 31,000 സൈനികരടക്കം ഒരു ലക്ഷം പേരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
തലസ്ഥാന നഗരിയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും കനത്ത മഴയിലും വെള്ളപൊക്കത്തിലും വലിയ നാശമാണ് സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്. പലയിടത്തും നദികള്‍ കരകവിഞ്ഞ് വീടുകളുടെ മൂന്നാം നിലവരെ വെള്ളത്തിനടിയിലായി. ഹെലികോപ്റ്ററുകളിലാണ് ഇവിടെയുള്ളവരെ രക്ഷിച്ചത്.
ഫുകുഷുമയില് ഹെലികോപ്റ്ററില്‍ കയറാനുള്ള ശ്രമത്തിനിടെ ഒരു സ്ത്രീ മരിച്ചു. മുങ്ങിപോയ വീടുകളില്‍നിന്നും വാഹനങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ധാന്യ സംഭരണ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി. കനത്ത നാശംവിതച്ച ഹാഗീബിസ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. ഇന്നലെ രാവിലെ മുതല്‍ ചുഴലിക്കാറ്റ് ശമിച്ചതോടെ നിര്‍ത്തിവെച്ച ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍, തുടങ്ങിയവ പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങി.
800 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. 70 ലക്ഷം പേരോട് വീടുകള്‍ ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1,35,000 പേരെ അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചു. 1,10,000 വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നശിച്ചു.