കൊച്ചി: പ്രകൃതിക്ക് കോട്ടം തട്ടാതെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമെന്ന് സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഫ്ളാറ്റുകള്‍ ജിയോ ടെക്സ്, മൂന്നു പാളികളുള്ള സ്റ്റീല്‍ എന്നിവ കൊണ്ട് പൊതിയും. സ്ഫോടനം നടക്കുമ്പോള്‍ കായലിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ അവശിഷ്ടങ്ങള്‍ തെറിക്കാതിരിക്കാനാണ് ഇത്. അതിനാല്‍ കായലിലെ മത്സ്യ സമ്പത്തിന് യാതൊരു വിധ കോട്ടവും സംഭവിക്കില്ല. കൂടാതെ സ്ഫോടനത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി നിയന്ത്രിക്കും. വെറും അഞ്ചു മിനുട്ട് നേരം മാത്രമെ പൊടിപടലങ്ങള്‍ പ്രദേശത്ത് തങ്ങി നില്‍ക്കുവെന്നാണ് കലക്ടര്‍ വ്യക്തമാക്കുന്നത്.
ഫ്ളാറ്റിനു സമീപത്തുള്ള വീടുകള്‍ക്കും നാലു പാളികളുടെ സ്റ്റീല്‍ ഉപയോഗിച്ച് സുരക്ഷ ഒരുക്കും. കഴിഞ്ഞ ദിവസം നടന്ന വിശദീകരണ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മരടിലെ മത്സ്യ-ക്ഷീര കര്‍ഷകരുടെ ആശങ്കകളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഫോടന സമയത്ത് വീടുകളില്‍ നിന്ന് ആറു മണിക്കൂര്‍ നേരം മാറി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം ഒരു മാസം മുമ്പ് നോട്ടീസ് നല്‍കും.
ഫ്ളാറ്റു പൊളിക്കുമ്പോള്‍ ചരക്കു ലോറി കടന്നു പോകുന്നതിന്റെ പകുതി പ്രകമ്പനം മാത്രമാണ് ഉണ്ടാവുക. ഭൂമി കുലുക്കം അല്ലാത്തതിനാല്‍ തുടര്‍ ചലനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും കലക്ടര്‍ പറയുന്നു. അപകടം ഉണ്ടായാല്‍ നഷ്ട പരിഹാരം നല്‍കാനുളള പൂര്‍ണ ഉത്തരവാദിത്തം പൊളിക്കുന്ന കമ്പനികള്‍ക്കാണെന്നും കലക്ടര്‍ അറിയിച്ചു.