കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കാന്‍ തീരുമാനം. ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് തീരുമാനമെടുത്തത്. നേപ്പാളില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായുള്ള കൂടിക്കാഴചയിലായിരുന്നു തീരുമാനം.
കൊടുമുടിയുടെ ഉയരം അളക്കണമെന്ന ആവശ്യം നേരത്തെ തന്നെ നേപ്പാള്‍ ഉന്നയിച്ചിരുന്നു. എവറസ്റ്റ് നേപ്പാളില്‍ സാഗര്മാതയെന്നും ചൈനയില്‍ ഷുമുലന്ഗമ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. സാഗര്മാതയുടെ ഉയരം അളക്കുന്നതിനോടൊപ്പം സംയുക്തമായി എവറസ്റ്റില്‍ ഗവേഷണം നടത്താനും ധാരണയായിട്ടുണ്ട്.
എവറസ്റ്റിന്റെ ഉയരം അളക്കാന്‍ നേപ്പാള്‍ നേരത്തെ തന്നെ പ്രത്യേക ടീമായ പര്‍വ്വതാരോഹകരെ നിയമിച്ചിരുന്നു. നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്റര്‍(29,029 അടി) ഉയരമാണ്. 1954-ല്‍ സര്‍വെ ഓഫ് ഇന്ത്യ നടത്തിയ അളവെടുപ്പില്‍ ലഭിച്ച ഉയരമാണിത്. ചൈന നടത്തിയ അളവെടുപ്പില്‍ 8,844 മീറ്റര്‍ ആണ് എവറസ്റ്റിന്റെ ഉയരം. 1999-ല്‍ അവസാനമായി എവറസ്റ്റിന്റെ ഉയരം അളന്നത് നാഷണല്‍ ജിയോഗ്രാഫിക് സംഘം ആയിരുന്നു. 8850 ആണ് അന്ന് ഉയരം രേഖപ്പെടുത്തിയത്. പിന്നീട് ഇതുവരെ എവറസ്റ്റിന്റെ ഉയരം അളന്നിരുന്നില്ല.
2015-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ കൊടുമുടിയുടെ ഉയരം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടയിരുന്നു. തുടര്‍ന്ന് 2017-ലാണ് എവറസ്റ്റ് വീണ്ടും അളക്കാന്‍ നേപ്പാള്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷത്തോടെ എവറസ്റ്റിന്റെ പുതിയ ഉയരം വീണ്ടും അളക്കാമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.