കൊച്ചി; പാലാരിവട്ടം അഴിമതിക്കേസില്‍ അന്വേഷണ സംഘ തലവനെ സ്ഥാനത്ത് നിന്ന് നീക്കി. ഡിവൈഎസ്പി അശോക് കുമാറിനെയാണ് അന്വേഷണ തലവന്റെ സ്ഥാനത്ത് നിന്ന് നീക്കിയത്. കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ നടപടിയെടുത്തത്.
വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്. കേസന്വേഷണത്തില്‍ നിന്ന് എഎസ്ഐ ഇസ്മയിലിനേയും വിജിലന്‍സ് ഒഴിവാക്കിയിട്ടുണ്ട്.
അഴിമതിക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് എഎസ്ഐ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് നടപടിയെടുത്തത്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആഗസ്റ്റ് 30 ന്
മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പാലം നിര്‍മ്മിച്ച കമ്പനി എംഡി സുമിത് ഗോയല്‍, എന്നിവരെയാണ് സൂരജിനൊപ്പം അറസ്റ്റുചെയ്തത്. അഴിമതി, വഞ്ചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.