സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിജിത്ത് ബാനര്‍ജി, എസ്തര് ഡുഫ്ലോ, മൈക്കിള്‍ ക്രീമര്‍ എന്നിവര്‍ക്കാണ് പുരസ്ക്കാരം. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് ബാനര്‍ജി. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഈ വര്‍ഷത്തെ അവസാന നൊബേല്‍ പുരസ്ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഭൗതികശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും രസതന്ത്രത്തിനും നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം. പ്രപഞ്ചത്തിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ക്കാണ് പുരസ്കാരം.
വില്യം കീലിന്, ഗ്രെഗ് സെമന്‍സ, പീറ്റര്‍ റാച്ക്ലിഫ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം. ജീവകോശങ്ങള്‍ ഓക്സിജനെ ആഗിരണം ചെയ്യുന്നത് എങ്ങനെയാണെന്നതിനെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് പുരസ്കാരം.
ജോണ്‍ ബി ഗുഡ്നോഫ്, അക്കീര യോഷിനോ, എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം എന്നിവര്‍ക്കാണ് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയ്ക്കാണ് 2019ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്.