ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചു. ഇതോടെ കശ്മീരിലെ പത്ത് ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷന് ലഭിച്ചു തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോസ്റ്റ് പെയ്ഡ് മൊബൈല്‍ സംവിധാനങ്ങളുടെ നിരോധനം നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കണക്ഷന് പുനസ്ഥാപിച്ചതോടെ സന്തോഷത്തിലാണ് കശ്മീര്‍ ജനങ്ങള്‍. 40 ലക്ഷം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണ് ഇവിടെയുള്ളത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ഡിജിപി അറിയിച്ചു. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്കും ജമ്മു കശ്മീരില്‍ നീക്കിയിരുന്നു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം എല്ലാ പ്രദേശങ്ങളിലെയും മൊബൈല്‍ ഫോണ്‍ സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമെടുത്താതായി ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചിരുന്നു. ജമ്മുകശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിച്ചതും. ഓഗസ്റ്റ് 17 ഓടെ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സെപ്തംബര്‍ 4 ഓടെ എല്ലാ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.