ബംഗളുരു: ഗ്രാമീണര്‍ക്കിടയില്‍ ഭീതി പരത്തിയ പെണ്‍കടുവയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഒരാഴ്ച്ചയായുള്ള നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടിയത്. ബംഗളുരുവിലെ നഗുവനഹള്ളി ഗ്രാമത്തില്‍ നിന്നാണ് കടുവയെ പിടികൂടിയത്. പ്രത്യേക പരിശീലനം നേടിയ നൂറ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ആറ് ആനകള്‍, പ്രത്യേക പരിശീലനം ലഭിച്ച ജെര്‍മ്മന്‍ ഷേപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ എന്നിവരടങ്ങിയ സംഘമാണ് കടുവയെ കണ്ടെത്തിയത്.
872 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്താന്‍ സോളിഗ ഗോത്രവര്‍ഗക്കാരുടെ സഹായവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തേടിയിരുന്നു.മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. പ്രദേശവാസികളെയും കന്നുകാലികളേയും കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രണ്ട് ഗ്രാമവാസികളെയും 18 കന്നുകാലികളെയുമാണ് കടുവ കൊന്നൊടുക്കിയത്. തുടര്‍ന്ന് കടുവയെ കണ്ടാല്‍ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് കടുവയെ ജീവനോടെ പിടികൂടാന്‍ തീരുമാനിച്ചത്. സോളിഗ ഗോത്രക്കാരുടെ സഹായത്താലാണ് കടുവയെ പിടികൂടാനായതെന്ന് അധികൃതര്‍ വ്യക്തമാക്കി.