ഇസ്ലാമാബാദ്: തൊഴിലിനായി സര്‍ക്കാരിനെ ആശ്രയിക്കരുതെന്ന പാക് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍ .പാകിസ്ഥാന് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയാണ് ഭരണകക്ഷിയായ പാകിസ്ഥാന് തെഹ്രീക് ഇന്‍ ഇന്‍സാഫിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഇസ്ലാമാബാദിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ ഡീന്‍സ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് സര്‍ക്കാരിന് പൊതുജനങ്ങള്‍ക്ക് ജോലി നല്കാന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 400 വകുപ്പുകള്‍ സര്‍ക്കാര്‍ പിരിച്ചുവിടാന്‍ പോകുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .ജോലികള്‍ക്കായി സര്‍ക്കാരിനെ ആശ്രയിക്കുന്നത് 1970 കളിലെ മാനസികാവസ്ഥയാണെന്നും ഇപ്പോള്‍ സ്വകാര്യമേഖല ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും ചൗധരി പറഞ്ഞു.
യുവാക്കള്‍ക്കായി 10 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉടന്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പി ടി ഐ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിന്റെ ലക്ഷണമാണ് ചൗധരിയുടെ ആരോപണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.
പ്രസ്താവന വിവാദമായതോടെ മറുപടിയുമായി ചൗധരി രംഗത്തെത്തി. തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് എടുത്തിമാറ്റിയതാണെന്നായിരുന്നു ചൗധരിയുടെ വിശദീകരണം. ഇതാദ്യമായല്ല വിവാദപ്രസ്താവനയുടെ പേരില്‍ ഫവാദ് ചൗധരി മറുപടി നല്‍കേണ്ടിവരുന്നത്. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കെതിരെ ഫവാദ് ചൗധരിനടത്തിയ പ്രസ്താവനകളെല്ലാം ചര്‍ച്ചയായതാണ്.