ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന അബുദാബി ഡയലോഗ് സമ്മേളനത്തിനായാണ് കേന്ദ്ര വിദേശ കാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ യു എ ഇ യിൽ എത്തിയത്. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാര്ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇന്നലെ വൈകിട്ട് കേന്ദ്ര മന്ത്രി പങ്കെടുത്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് കേന്ദ്ര മന്ത്രിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലേക്ക് ആനയിച്ചത്. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.
ഇന്ത്യൻ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ബദ്ധ ശ്രദ്ധരാണെന്നും, സാധാരണ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ പരിഹാരം കണ്ടെത്താനായി യു എ ഇ ഭരണകർത്താക്കളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നഴ്സുമാരുടെയും, അധ്യാപകരുടെയും തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും, അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട് എന്നും സമ്മേളനത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ, ഐ പി എഫ് പ്രസിഡന്റ് ഭുപേന്ദ്ര കുമാർ, രമേശ് മന്നത്, വിജയൻ നായർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.