എറണാകുളം : രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രാജാവിനെയും രാജ്ഞിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിലാണ് രാജാവും സംഘവും കൊച്ചിയില്‍ എത്തിയത്.
ഒരു മണിയോടെ വിമാനത്താവളത്തില്‍ എത്തിയ രാജാവും സംഘവും റോഡ് മാര്‍ഗ്ഗം മട്ടാഞ്ചേരിയിലെത്തി് ഡച്ച് കൊട്ടാരം സന്ദര്‍ശിച്ചു. തുടര്‍ന്ന് രാജാവും സംഘവും കൂവപ്പാടത്തെ ഡച്ച് കമ്പനിയായ നെഡ്സ്പൈസിലെത്തി പ്രവര്‍ത്തനം വീക്ഷിച്ചു.
ഇന്ന് വൈകീട്ട് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് ഉച്ചയ്ക്ക് ടാജ് മലബാറില്‍ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കും. വൈകിട്ട് 7.30 ഓടെ പ്രത്യേക വിമാനത്തില്‍ രാജാവും സംഘവും ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.