ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതി പ്രത്യേക ജഡ്ജി അജയ് കുമാര്‍ ഖുഹാര് മുന്‍പാകെയാണ് ചിദംബരത്തെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസമാണ് ചിദംബരത്തെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച ജയിലില്‍ എത്തിയാണ് മൂന്നംഗ സംഘം ചിദംബരത്തെ ചോദ്യം ചെയ്തത്. ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വെയ്ക്കാനുമുള്ള അനുമതി ഡല്‍ഹി പ്രത്യേക കോടതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇഡി ജയിലില്‍ എത്തി ചോദ്യം ചെയ്തത്.
അഴിമതി കേസില്‍ തുടര്അന്വേഷണങ്ങള്ക്കായി ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ കിട്ടാനുമായി ഇഡി ചൊവ്വാഴ്ചയാണ് റോസ് അവന്യു കോടതിയില്‍ അപേക്ഷ നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ അദ്ദേഹം തിഹാര്‍ ജയിലിലാണ്. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ലാണ് ഐഎന്‍എക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍മുടക്ക് (305 കോടി) കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്.