തിരുവനന്തപുരം : അമ്പൂരി രാഖി കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നെയ്യാറ്റിന്‍കര കോടതിയിലാണ് പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചത്.
കേസിലെ ഒന്നാം പ്രതിയായ അഖില്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 115 സാക്ഷികളും 150 ലേറെ തൊണ്ടിമുതലുകളും ഉള്ളതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കെലാപാതകം, ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്. രാഖിയുടെ കൊലപാതകത്തില്‍ അഖിലിന്റെ ബന്ധുക്കള്‍ക്ക് പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ജൂണ്‍ 21നാണ് രാഖിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതെന്നും കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.
പൂവാര്‍ സിഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഖി കൊലപാതക കേസ് അന്വേഷിച്ചത്. 83 ദിവസം കൊണ്ടാണ് സംഘം കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സഹോദരങ്ങളായ അഖില്‍, രാഹുല്‍ ഇവരുടെ സുഹൃത്തായ ആദര്‍ശ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.