തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
തോപ്പുംപടി സ്വദേശി മന്‍സൂറാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ആലുവ സ്വദേശിയായ മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഓണ്‍ലൈനായി ടാക്സി ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ചെന്നെയില്‍ നിന്നാണ് ഇവര്‍ സിം എടുത്തിരുന്നത്. ഇതിനായി നല്കിയ വിലാസവും വ്യാജമായിരുന്നു. എങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളിലേക്ക് കൃത്യമായ സൂചന നല്കി.
വാഹനം തട്ടിയെടുത്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി പൊളിച്ച് വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. മുന്‍പും ഇത്തരം കേസുകളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഡിവൈഎസ്പി സി.ആര് സന്തോഷിന്റെയും പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരന്റെയും നേതൃത്വത്തിലുള്ള രണ്ട് സ്ക്വാഡുകളാണ് അന്വേഷണം നടത്തിയിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് യൂബര്‍ ടാക്സി ഡ്രൈവര്‍ രാജേഷിനെ ആക്രമിച്ച് രണ്ടംഗ സംഘം കാറുമായി കടന്ന് കളഞ്ഞത്. പോലീസ് പിന്തുടരുന്നത് അറിഞ്ഞ് കാര്‍ കാലടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.