തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു എസ് എഫ്ഐ നേതാവ് കൂടി കീഴടങ്ങി. കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലീസ് മുന്‍പാകെ കീഴടങ്ങിയത്. അഖിലിനെ കുത്തിയ കേസിലെ ഒന്‍പതാം പ്രതിയാണ് ഹരീഷ്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കേസില്‍ ഇത് വരെ 18 പേരാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഹരീഷ് കൂടി കീഴടങ്ങിയതോടെ കേസില്‍ ഇത് വരെ പിടിയിലായവരുടെ എണ്ണം 19ആയി. കേസില്‍ 20 പ്രതികളാണ് ഉള്ളത്.
സംഭവത്തില്‍ ചൊവ്വാഴ്ചയും രണ്ട് എസ്എഫ്ഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു. പൂന്തുറ സ്വദേശി മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശി നന്ദകിഷോര്‍ എന്നിവരാണ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അഖിലിനെ കുത്തിയ കേസില്‍ ഇബ്രാഹിം ഏഴാം പ്രതിയും നന്ദതിഷോര് പതിനാറാം പ്രതിയുമാണ്.
കഴിഞ്ഞ ജൂലൈ 12 നാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. കോളേജ് കാന്റീനില്‍ ഇരുന്ന് പാട്ടുപാടിയെന്നാരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്.
സംഭവത്തിന് ശേഷം പോലീസ് നടത്തിയ തെരച്ചിലില്‍ ഒന്നാം പ്രതി ശിവരഞ്ജിത്ത് രണ്ടാം പ്രതി നസീം എന്നിവരുള്‍പ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും അന്വേഷണ സംഘം കോളേജില്‍ നിന്ന് കണ്ടെടുത്തിരുന്നു.