ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധന മന്ത്രിയുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് ചിദംബരത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അഴിമതി കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടത്. അഴിമതി കേസില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു ചിദംബരം.
അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതുവരെ പ്രത്യേക സെല്ലും, വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും, വെസ്റ്റേണ്‍ ടോയിലെറ്റും, മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
തിങ്കളാഴ്ചയാണ് ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഡല്‍ഹി പ്രത്യേക സിബിഐ കോടതിയെ സമീപിച്ചത്. കേസില്‍ സാമ്പത്തിക അഴിമതി കണ്ടെത്തിയതിനാല്‍ വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ചോദിച്ചറിയണമെന്നും എന്‍ഫോഴ്സ്മെന്റ് വിഭാഗം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.