മദീന: ഉംറ തീര്‍ഥാടനത്തിന് പോയ ബസ് മദീനയില്‍ വച്ച് തീപിടിച്ച് മരിച്ചവരില്‍ ഇന്ത്യക്കാരനും. മുംബൈ സ്വദേശിയാണ് അപകടത്തില്‍ മരിച്ചത്. നിസാര പരിക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മദീന-മക്ക പാതയില്‍ വെച്ചാണ് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു തീപിടിച്ചത്. അപകടത്തില്‍ മുപ്പത്തിഅഞ്ചു തീര്‍ത്ഥാടകരാണ് മരിച്ചത്. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഏഷ്യന്‍ അറബ് വംശജരാണ് കൂടുതലും ബസിനകത്തുണ്ടായിരുന്നത്. റിയാദില്‍ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുല്‍ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്ശനത്തിനുമായ് പുറപ്പെട്ട സംഘമായിരുന്നു ഇവര്‍.