മലയാളം മിഷന് ഭാഷാ അധ്യാപകരുടെ പരിശീലന കളരി ഒക്ടോബര്‍ 25, 26 (വെള്ളി, ശനി) ദിവസങ്ങളിലായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍ എന്നീ ഗവര്ണ്മെന്റ് അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന അധ്യാപക പരിശീലന കളരിയില്‍ നാട്ടില്‍ നിന്നുമെത്തുന്ന എം. സേതുമാധവന് എം. ടി. ശശി എന്നീ അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് 6 വരെ നീണ്ട് നില്ക്കും.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്.
മലയാളം മിഷന് അബുദാബി മേഖലയുടെ കീഴില്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മുസഫ തുടങ്ങിയ സ്ഥലങ്ങളിലും ഫ്ളാറ്റുകളിലുമായി 26 സെന്ററുകളിലാണ് മലയാളം ക്ലാസുകള്‍ ഇപ്പോള്‍ നടന്നുവരുന്നത്. 32 അധ്യാപകരുടെ കീഴില്‍ ആയിരത്തോളം കുട്ടികള്‍ ഇവിടെ മലയാളം പഠിച്ചുവരുന്നു. അടുത്ത മാസങ്ങളിലായി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് മലയാളം ക്ലാസുകള്‍ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാള മിഷന് അബുദാബി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അധ്യാപക പരിശീലന കളരിയില്‍ മലയാളം മിഷന്റെ പാഠ്യപദ്ധതിയായ കണിക്കൊന്ന, സൂര്യകാന്തി എന്നിവയുടെ പരിശീലനങ്ങളായിരിക്കും നടക്കുക.
അബുദാബിയിലെ അംഗീകൃത സംഘടനകളുടെ കീഴിലോ, അബുദാബിയുടെ വിവിധ ഇടങ്ങളിലോ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് മലയാള ഭാഷ പഠിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 6314455/ 055 4220514/ 050 6112652 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.