അബുദാബി സാംസ്കാരിക വേദി ഏർപ്പെടുത്തിയ പത്മരാജൻ പുരസ്കാരം ദേശീയപുരസ്കാര ജേതാവായ നടി സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു. അബുദാബി മലയാളി സമാജത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെർണെക്കരിൽ നിന്നും സുരഭി പുരസ്കാരമേറ്റുവാങ്ങി. ചടങ്ങിൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരങ്ങൾ അഹല്യ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എം.ഡി ശ്രിയ ഗോപാലിനും ബിൻമൂസ ട്രാവൽസ് എം.ഡി മേരി തോമസിനും സമ്മാനിച്ചു. വിവിധ കലാപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച യു.എ.ഇയിലെ പത്ത് യുവപ്രതിഭകളെയും ചടങ്ങിൽ പുരസ്കാരം നൽകിയാദരിച്ചു. ആഘോഷപരിപാടിയിൽ സാംസ്കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ അദ്ധ്യക്ഷനായി. മലയാളി സമാജം ആക്ടിംഗ് പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി.കെ.ജയരാജ്, ബി.യേശുശീലൻ, മൊയ്തീൻ അബ്ദുൽ അസീസ്, സുരേഷ്, സാബു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.