ലക്നൗ: ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വളരെ മൃഗീയവും പൈശാചികവുമായാണ് തിവാരിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. തിവാരിയുടെ ശരീരത്തില്‍ കുത്തിയതിന്റെയും കഴുത്തറുക്കാന്‍ ശ്രമിച്ചതിന്റെയും നിരവധി മുറിവുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
15 കുത്തുകളാണ് തിവാരിയുടെ ശരീരത്തില്‍ ഏറ്റിരിക്കുന്നത്. ഓരോ മുറിവിനും പത്ത് സെന്റീമീറ്റര്‍ ആഴമുണ്ട്. നെഞ്ചിന്റെ ഇടതുവശത്തായി ഏഴ് തവണയാണ് ആക്രമികള്‍ കുത്തിയിരിക്കുന്നത്. കൂടാതെ കവിളിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്.
കുത്തിയ മുറിവ് കൂടാതെ കഴുത്തില്‍ ആഴത്തില്‍ വരഞ്ഞ പാടുകളും ഉണ്ട്. രണ്ട് പാടുകളാണ് കഴുത്തില്‍ ഉള്ളത്. കൊലപാതകികള്‍ തിവാരിയുടെ കഴുത്ത് അറക്കാന്‍ ശ്രമിച്ചതായാണ് ഈ മുറിവുകള്‍ സൂചിപ്പിക്കുന്നത്.
ഒരു തവണ മാത്രമേ തിവാരിക്ക് നേരെ അക്രമികള്‍ വെടിയുതിര്ത്തിട്ടുള്ളു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിവാരിയുടെ മരണം ഉറപ്പിക്കാനാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. തിവാരിയുടെ തലയുടെ പുറകില്‍ നിന്നായി പോയിന്റ് 32 ബുള്ളറ്റും പോസ്റ്റ് മോര്‍ട്ടത്തിലൂടെ പുറത്തെടുത്തിട്ടുണ്ട്. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.
കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളെ പിടികൂടിയിട്ടുണ്ട്. മുഖ്യപ്രതികളായ അഷ്ഫാഖ്, മൊയ്നുദ്ദീന് പതാന്‍ എന്നിവരെയാണ് ഭീകര വിരുദ്ധ സേന പിടികൂടിയത്. രാജസ്ഥാന്-ഗുജറാത്ത് അതിര്‍ത്തി പ്രദേശത്തു നിന്നാണ് ഇരുവരും സേനയുടെ പിടിയിലായത്.