തിരുവനന്തപുരം: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണച്ചുമതല.
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കാണ് മഞ്ജു നേരിൽ കണ്ട് പരാതി നൽകിയത്. ചിലർ തനിക്കെതിരെ സംഘടിതമായി ആക്രമണം നടത്തുകയാണ്. തന്റെ ലെറ്റർ ഹെഡ് അടക്കമുള്ള രേഖകൾ ദുരപയോഗം ചെയ്യുമോയെന്ന് ഭയപ്പെടുന്നുണ്ട്. തന്നെ ബോധപൂർവ്വം അപമാനിക്കുകയാണ്. തന്റെ ഒപ്പ മുള്ളവരെ ഭീഷണിപ്പെടുത്തുന്നു.
ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലും സൈബർ ആക്രമണം നടത്തുന്നതിന് പിന്നിലുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു.