ന്യൂഡല്‍ഹി : നഷ്ടത്തിലോടുന്ന പൊതു മേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ കരകയറ്റാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലയിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ എംടിഎന്‍എല്‍ ബിഎസ്എന്‍എല്ലിന് കീഴില്‍ ഉപസ്ഥാപനമായി പ്രവര്‍ത്തിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് പുതിയ തീരുമാനം.
ഇതു കൂടാതെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കായി പുതിയ സ്വയം വിരമിക്കല്‍ പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. 53 വയസ്സ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കായാണ് സര്‍ക്കാര്‍ പുതിയ വിരമിക്കല്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 53 വയസ്സ് പൂര്‍ത്തിയായ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ 125 ശതമാനം തുകയും, പെന്‍ഷനും, ഗ്രാറ്റുവിറ്റിയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് വയസ്സുവരെയായിരിക്കും ഈ ആനുകൂല്യങ്ങള്‍ നല്‍കുക.
ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിനെയും ലാഭത്തിലാക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കമ്പനികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നാല് ഘട്ടങ്ങളായുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15,000 കോടി രൂപ കടപത്രങ്ങളിലൂടെ സമാഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.