കൊച്ചി: നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ശ്രീകുമാർ മേനോൻ ഫെഫ്കയിൽ അംഗമല്ല. അതിനാൽ വിഷയത്തിൽ ഇടപെടാൻ അമ്മ സംഘടനയ്ക്ക് പരിമിതി ഉണ്ട് .ഇവർ തമ്മിലുള്ള പ്രശ്നം തൊഴിൽ എന്നതിന് ഉപരിയായാണെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണച്ചുമതല.
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കാണ് മഞ്ജു നേരിൽ കണ്ട് പരാതി നൽകിയത്.
മഞ്ജു വാര്യര്‍ പരാതി നല്കിയ വിവരമറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന് പ്രതികരിച്ചിരുന്നു. താന്‍ എപ്പോഴും മഞ്ജുവിന് പിന്തുണ നല്‍കിയിരുന്നെന്നും എന്നാല്‍ മഞ്ജു തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും തനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.